Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

April 23, 2010

നൂലില്‍ ഞാന്നിറങ്ങിയ കോംപ്ലാന്‍ ബോയ്‌ ...!

ഇങ്ങനെയുള്ള കടുംകൈ ശത്രുക്കളോട് പോലും ചെയ്യാന്‍പാടില്ല.
ഐക്യരാഷ്രസഭയെന്ന ഒത്തിരി വലിയ സാമ്രാജ്യത്തില്‍ ഒരു സുല്‍ത്താനെ പോലെ വാണിരുന്ന ഒരു പാവം മനുഷ്യനെ നയിക്കണേ ...നയിക്കണേ എന്ന് പുറകേ നടന്ന് കെഞ്ചി , കാലുപിടിച്ച് , ഉന്തി തള്ളി കൂട്ടിക്കൊണ്ടു വന്ന്‍ ഈ പരുവത്തിലാക്കാന്‍ ഈ കോണ്‍ഗ്രസ്‌കാര്‍ക്കല്ലാണ്ട് മനസ്സാക്ഷിയെന്ന സാധനം അല്പമെങ്കിലും ബാക്കിയുള്ള ആരെക്കൊണ്ടെങ്കിലും സാധിക്കുമോ .? ആകാശനഭസ്സില്‍ നിന്നും ചക്ക വീഴുംപോലെ ഈ കൊച്ചു തിരുവോന്തരത്ത് നിപതിച്ച ആ തേജോരൂപിയെ കണ്ട അന്ന് തുടങ്ങി മൂത്തതും മൂക്കാത്തതുംമായ കോണ്‍ഗ്രസ്സ്‌കാര്‍ക്ക്‌ കുനുകുനുപ്പും കുന്നായ്മയും . തുടങ്ങിയില്ലേ എട്ടിലും പൊട്ടിലും കുരുക്കാത്ത ആരോപണങ്ങള്‍.നെഹ്രുവിയന്‍ ദര്‍ശനങ്ങളെ തള്ളിപറഞ്ഞവന്‍ , ഗാന്ധിയെ തെറിപറഞ്ഞവന്‍ ഇസ്രായേല്‍ അമേരിക്കന്‍ പക്ഷപാതി എന്ന് വേണ്ട എന്തെല്ലാം തരത്തിലുള്ള വേണ്ടാതീനങ്ങള്‍..! പക്ഷെ ഞങ്ങള്‍ തിരുവോന്തരത്ത്കാര്‍ നട്ടാല്‍ മുളക്കാത്ത അത്തരം നുണകളിലോന്നും വീണു പോയില്ല അത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം ..!.ഞങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചു വിജയശ്രീലാളിതനാക്കി പ്രത്യേക വിമാനത്തില്‍ കയറ്റി ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച് വിശ്വവിശ്രുതരായി.

ഇന്ത്യയില്‍ ജനസേവനം ചെയ്യുക എന്നത് എന്ത് കഠിനമായ പണിയാണെന്ന് നോക്കണേ ..? പഠിച്ച വിഷയം ചരിത്രമായിരുന്നിട്ടെന്ത്‌ കാര്യം . പഠിച്ചതിനപ്പുറത്താണ് ഇവിടത്തെ പൊതുപ്രവര്‍ത്തനമെന്ന് അന്നൊന്നും സ്വോപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. ഇരുപത്തെട്ട് സംവത്സരങ്ങള്‍ നയതന്ത്രജ്ഞാനായി വിദേശത്ത് വിലസ്സിയപ്പോഴോന്നും പണ്ട് ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞതിനപ്പുറം ഇന്ത്യ എന്ന നാടുണ്ടെന്നും കോണ്‍ഗ്രസ്‌ എന്ന പാര്ട്ടിയുണ്ടെന്നും അവിടെ നമ്പര്‍ ടെന്‍ജനപഥില്‍ സോണിയമാഡമുണ്ടെന്നുമൊക്കെയുള്ള ഒരു സ്തൂല വിവരം പോലും ഉണ്ടാക്കാന്‍ വഹിയാതെ പോയി.

ഐക്യരാഷ്ട്രസഭയില്‍ കോഫിയണന്‍ ഇട്ടേച്ച് പോയ വിടവ് നികത്താന്‍, ഉള്ള ആറക്ക ശമ്പളവും കളഞ്ഞു ഇറങ്ങിത്തിരിച്ച്, ആ ബാന്‍കി മൂനിനോട് അടിയറവ്‌ പറഞ്ഞ്; വിഷണ്ണപരവശനായി; കുരങ്ങ് ചത്ത കാക്കാലനെ പോലെ നില്‍ക്കുമ്പോഴാണ് ഇവിടെ നിന്നൊരാള്‍ രണ്ട്കൈയുമാട്ടി വിളിക്കുന്നത്‌. പണ്ടിതുപോലൊരു വലിയ ഉദ്യോഗമൊക്കെ ഉപേക്ഷിപ്പിച്ച് നേരേ മന്ത്രിയും പ്രധാനമാന്ത്രിയുമൊക്കെയായി നൂലില്‍ കെട്ടി ഇറക്കിയ ആള്‍..! ആള്‍ നിര്‍ബന്ധിച്ച് വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ ? വന്നു. വന്നപ്പോഴല്ലേ അറിയുന്നത് ഈ ജനസേവനമെന്നത് അമേരിക്ക ഇറാന്‍ തര്‍ക്കങ്ങള്‍ പോലെ റഷ്യ ചെച്നിയ പ്രശ്നം പോലെ പിള്ളേര്‌ കളിയല്ലന്ന്‍.

എന്ത് ത്യാഗനിര്‍ഭരമായ ജീവിതമാണ് പിന്നീടിങ്ങോട്ട് നയിച്ചത്‌. കോട്ടും ബൂട്ടും സ്യൂട്ടും ഒക്കെയായി പൊടി സിംബളനായി കഴിഞ്ഞിരുന്നയാള്‍ പെട്ടെന്ന്‍ പുറം ചൊറിയുന്ന ഖദറുടുത്ത് ഇവിടത്തെ ചൂടിലും വെയിലിലും വിയര്‍പ്പൊഴുക്കി ജനസേവനം തുടങ്ങി . ഇവിടത്തെ കാറ്റും വെയിലും കൊണ്ട് വാടിപോകേണ്ടതാണ്. ഭാഗ്യത്തിനതുണ്ടായില്ല. എം.പി.യായി, കേന്ദ്രസഹമന്ത്രിയായി. വലിയ കേമനായി. അഴകുള്ള ചക്കയിലും ചുളയുണ്ടെന്നു തെളിയിച്ചു.

കാഴ്ചക്ക്‌ സുന്ദരനായിരിക്കുക, സുന്ദരമായി ആംഗലേയം മൊഴിയുക, അല്പസ്വോല്പം
സാഹിത്യം കരതലാമലകം പോലെ കൈമുതലായിരിക്കുക, ട്വിറ്റെര്‍ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അംഗമായിരിക്കുക എന്നിവയൊന്നും ഇന്നത്തെ കാലത്ത്‌ അത്ര വലിയ അപരാധങ്ങളൊന്നും അല്ല .പക്ഷെ ദസ്യുക്കള്‍ക്ക് അസൂയ ഉണ്ടാവാന്‍ ഇത്രയൊക്കെ സംഗതികള്‍ ധാരാളം . ആയുസ്സിന്റെ ഏറിയ പങ്കും മുഷിഞ്ഞ പരിക്കന്‍ ഖദറും വാരിചുറ്റി ജീവിതത്തില്‍ ഒന്നുമൊന്നും ആകാനാവാത്ത സാദാ നാലണ മെമ്പര്‍ മാര്‍ മുതല്‍ ജീവിത കാലം മുഴുവനും എം.പി.യും എം.എല്‍.എ.യും ഒക്കെയായി ഒന്ന് മന്ത്രിയാകാനാഗ്രഹിച്ചു നടക്കാതെ പോയവര്‍ വരെ എത്ര പേര്‍..? തുടങ്ങിയില്ലേ ഓരോരോ അപവാദ പ്രചരണങ്ങള്‍ !.എന്തെല്ലാം തരത്തിലുള്ള കഥകള്‍..! ...ഹോ !

വിവരവും സംസ്കാരവുമുള്ള അമേരിക്കക്കാരൊക്കെ ദേശീയഗാനമാലപിക്കുമ്പോള്‍ കൈയും കൂപ്പി ദീര്‍ഘനിശ്വാസവും ഉതിര്‍ത്ത് ചത്തുകുത്തിയത് മാതിരി നില്‍ക്കുകയല്ല .നെഞ്ചില്‍ കൈ ചേര്‍ത്ത്‌ വച്ച് അറ്റന്‍ഷനായാണ് നില്‍ക്കുക. ഞങ്ങളും അമേരിക്കകാരെ പോലെ സംസ്കാര സമ്പന്നരാകണമെന്ന് ഒന്ന് പറഞ്ഞ് പോയി. അതിന് എന്തൊക്കെയായിരുന്നു പുകില്...! കേസായി, വഴക്കായി, വാക്കാണമായി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ മന്ത്രിമാര്‍ കുറച്ചുപേര്‍ ചെലവ് ചുരുക്കിയാല്‍ മതിയെന്ന് പറയുന്നത് ഏത് നൈതല നിയമമാണ് ? ജീവിതത്തിലിന്നേവരെ പഞ്ചനക്ഷത്ര ഹോട്ടലിലെ സുഖശീതളമായ അന്തരീക്ഷത്തില്‍ അന്തിയുറങ്ങി അവിടത്തെ ലഞ്ചും ഡിന്നറും ഷാംപയിനും മാത്രം കഴിച്ചു ശീലിച്ച ഒരാള്‍ ഒരു സുപ്രഭാതം മുതല്‍ സാദാ മന്ത്രിമന്ദിരത്തില്‍ പണ്ടാരമടങ്ങണം എന്ന് ശഠിക്കുന്നത് എന്ത് കാട്ട് നീതിയാണ്.ആന ചടച്ചെന്ന് വച്ച് കുടത്തിനകത്ത് കയറ്റാമോ..? ജിംനേഷ്യവും സിമ്മിംഗ്പൂളും മറ്റ് ആക്ടിവിക്ടികളും ഇല്ലെങ്കില്‍ എന്ത് ജീവിതം. ദിവസം വെറും നാല്‍പതിനായിരം രൂപ മാത്രം വാടകയുള്ള മൌര്യ ഷെരാട്ടോന്‍ ഹോട്ടല്‍ കൊണ്ട് തൃപ്തിപ്പെടാമെന്നു വച്ചിട്ട് അതിനുമുണ്ടാക്കിയില്ലേ പൊല്ലാപ്പ്‌.

കോണ്‍ഗ്രസ്‌ കാരെന്ന് പറയുന്നവര്‍ ലളിത ജീവിതത്തിന്റെ ഉപാസകരത്രേ...! സഞ്ചരിക്കുന്നത് വിദേശ നിര്‍മ്മിത ബെന്‍സ്‌ കാറിലായാലും തലയില്‍ ഗാന്ധിത്തൊപ്പി വേണം .ഇട്ട് നടക്കുന്ന ചെരുപ്പ്‌ കൈയിലെ റാഡോ വാച്ച് മുതല്‍ അടിവസ്ത്രങ്ങള്‍ വരെ വിദേശ നിര്‍മ്മിതവും വിലക്കൂടിയതും ആയാലും ധരിക്കുന്ന ഷര്‍ട്ടും മുണ്ടും നമ്മുടെ തൊഴിലാളികള്‍ ചര്‍ക്കയില്‍ നെയ്തെടുത്തത് തന്നെ വേണം . അതാണ്‌ അതിന്റെ ഒരു നാട്ടുനടപ്പ്‌. ഈ പാവം മനുഷ്യന് ഇമ്മാതിരിയുള്ള തോന്തരവുകളൊന്നും അത്രക്ക് വശമില്ലാതെ പോയി. ചെലവ്‌ ചുരുക്കാന്‍ വേണ്ടി കണ്ട ഏഴകളോടും അണ്ടഅടകൊടന്മാരോടുമൊക്കെയൊപ്പം എക്കണോമി ക്ലാസ്സില്‍ ഒരു മുന്‍ യു.എന്‍.അണ്ടര്‍ സെക്രെട്ടെറി യാത്ര ചെയ്യണം എന്ന് വാശി പിടിക്കുന്നത്‌ തന്നെ ശുദ്ധ അസംബന്ധമല്ലേ ?

ആരായാലും ക്ഷമിക്കില്ല . “ വിശുദ്ധ പശുക്കളുടെ കന്നുകാലി ക്ലാസ്സ്‌ “ എന്ന് ഒന്ന് ഇണ്ടല്‍ കൊണ്ട് പോയി. ഉടനെ വന്നില്ലേ വൈതാളികന്മാര്‍..! അത് മാഡത്തെയും മകനെയും മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണത്രെ ..! മാടത്തിന്റെ നല്ല ശമരിയക്കാരില്‍ ഒരാളായത്കൊണ്ട് അന്ന് തടി കേടാകാതെ രക്ഷപ്പെട്ടു .

തഥാഗഥമായി വികസിപ്പിച്ചെടുത്ത എന്തെല്ലാം എടാകൂടങ്ങളാണ് കള്ളപരിഷകളെല്ലാം ചേര്‍ന്ന് ഇവിടെ ഉണ്ടാക്കി തീര്‍ത്തത് ..! കണ്ട വാവിനും സംക്രാന്തിക്കും മാസ്സപ്പിറവിക്കുമാക്കെ അവധി കൊടുക്കുന്നതിന്റെ കൂട്ടത്തില്‍ മഹാത്മാവിന്റെ ജന്മ ദിനത്തിന് അവധി കൊടുക്കേണ്ടതില്ല എന്നുപറഞ്ഞാല്‍ പുകില്. വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും മുഖത്തോട് മുഖം നോക്കിയിരുന്നു ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒരു വഹയാക്കിയ പ്രശ്നത്തിന് സൗദി മധ്യസ്ഥം വഹിക്കണം എന്ന പച്ചപരമാര്‍ത്ഥം നല്ല പുത്തി കൊണ്ട് ഒന്ന്‍ പറഞ്ഞു പോയാല്‍ അതിന് പുകില് . കടശ്ശിയായി കണ്‍ഠപാശമായ ഒന്ന് ഇപ്പോള്‍ ഇങ്ങനെയും .

ഉലകിലെ കലഹങ്ങളുടെ കാരണങ്ങളെല്ലാം കനകം കാമിനി എന്നിങ്ങനെയുള്ള രണ്ട് വലിയ വിഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നതായാണ് പണ്ടുള്ളവര്‍ തെര്യപ്പെടുത്തി വച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ രണ്ടും സമാസമം വന്നിരിക്കുന്നു. വേണോ വേറെ പൂരം..!
സുനന്ദയെന്ന സ്വൊര്‍ണ്ണം പോലുള്ള കാശ്മീരി തരുണിയും ഐ.പി.എല്‍.എന്ന സ്വൊര്‍ണ്ണം വിളയുന്ന കളിയും. അസൂയക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ ഇനിയെന്ത്‌ വേണം ..?

രണ്ട് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് മൂന്നാമതൊരാളെ തേടുന്ന ഒരു സ്ത്രീയോട് രണ്ട് ഭാര്യമാരെ ഉപേക്ഷിച്ചു മൂന്നാമതൊരു വേക്കന്‍സിയും ഒഴിച്ചിട്ടിരിക്കുന്ന ഒരാള്‍ക്ക്‌ സ്വോഭാവികമായും ഉണ്ടാകാവുന്ന അനുതാപം; അനുകമ്പ; അനുരാഗം എന്നീ വകുപ്പുകളില്പെടുത്താവുന്ന ഒരു വികാരം എന്നല്ലേ ഇതിനൊക്കെ വിശേഷിപ്പിക്കാന്‍ കഴിയൂ..? ഏത് കണശ്മഹൃദയര്‍ക്ക്‌ പോലും ഉണ്ടാകാനിടയുള്ള വികാരം. അതിന് ഇത്രത്തോളം കീചകനാടകങ്ങള്‍ അരങ്ങ് തകര്‍ക്കണമായിരുന്നോ..? കശ്മലന്മാര്‍...! രാഹുല്‍ജിക്ക് കൊളംബിയാക്കാരിയുടെ കരം കവര്‍ന്ന് ഉല്ലാസ്സ നൗകയില്‍ , കുമരകം കായലിന്റെ ഓളപ്പരപ്പിലൂടെ ഡൂയറ്റും പാടി നടക്കാം , ഒളിവിന്റെ മറവില്‍ ഉണ്ണിത്താന്‍ജിക്കും തിവാരിജിക്കും പരകായ പ്രവേശം നടത്താം ഒരു അമേരിക്കന്‍ നായര്‍ക്ക്‌ ഇതൊന്നും പാടില്ല..! ഇത് ഏത് കോത്താളത്തിലെ ന്യായം ...!

യവ്വനവും തടിമിടുക്കുമുള്ള കോടിക്കണക്കിന് സുന്ദരകളേബരന്മാര്‍ , വിത്തിനൊരു നാരീബന്ധം കൈമുതലായില്ലാതെ തെക്ക്‌വടക്ക്‌ നടക്കുമ്പോള്‍ പത്തറുന്നൂറ് പൂര്‍ണചന്ദ്രന്മാരെ കണ്ട്‌ മടുത്ത ഒരാള്‍ ഒരു കച്ചവാര്‍ക്കുഴലിയുടെ കരവും ഗ്രഹിച്ച് പാറിനടക്കുന്നു..! അസൂയ ഉണ്ടാവാന്‍ വേറെന്ത് വേണം ? ഗവേഷണങ്ങള്‍ നടക്കുന്നതല്ലാതെ അസൂയക്കും കുശുമ്പിനും ഇന്നേവരെ മരുന്നൊന്നും കണ്ട്‌ പിടിച്ചതായി അറിവില്ല. എന്താ ചെയ്യുക ...!

ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ മറ്റെല്ലാം മതിയാകോളം ഉണ്ടെങ്കിലും ഐ.പി.എല്‍.മാത്രം ഇല്ല. അതിന്റെ നാണക്കേട് നാണമുള്ളവര്‍ക്കല്ലേ മനസ്സിലാകൂ.? കേരളമെന്ന പേര്‍ കേട്ടാല്‍ ചോര തിളയ്ക്കുന്ന ആര്‍ക്കായാലും “നിദ്ര നിശയിങ്കല്‍ പോലും” ഇല്ലാതാകും. താരറാണിമാരും മദ്യരാജാക്കന്മാരും കള്ളപ്പണക്കാരും ചൂതാട്ടക്കാരും കൈയടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തില്‍ ചങ്കുറപ്പോടെ കയറിച്ചെന്ന് കഥമപി കേരളത്തിന്റെ പതാക നാട്ടാന്‍ ആണൊരാള്‍ മാത്രമേ ഉണ്ടായുള്ളു . അല്‍പസ്വോല്പം പൂഴികടകനൊക്കെ വേണ്ടി വന്നുവെന്നത് നേര്. ഫലപുഷ്കലമായി കാര്യങ്ങള്‍ നേടി.

എം.പി. മാരും കേന്ദ്രമന്ത്രിമാരും മറ്റ് ഗുണാണ്ടര്‍മാരുമായി ഇത്രയേറെപ്പേര്‍ മലയാളികളെന്നു പറഞ്ഞ് നടന്നിട്ട് ഒരാളെ കിട്ടിയോ കൂട്ടിന് ? പണമെറിഞ്ഞ് പങ്കാളികളാവാന്‍ ഒരുത്തനെ കിട്ടിയോ ? ലുബ്ധന്മാര്‍..! എല്ലാറ്റിനും തുണയായി നിന്നത് സുനന്ദ മാത്രം. പാവം എന്ത് മാത്രം വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചു. അദ്ധ്വാനിക്കുന്നത് ആരായാലും പ്രതിഫലം കിട്ടണം ..വിയര്‍പ്പിന്റെ കൂലിയായി എണ്‍പത് കോടി കിട്ടി. ഷെയറായിട്ട്‌. തികച്ചും സ്വോഭാവികം. അതിനെന്തെല്ലാം പുകിലാ ഇവിടുണ്ടാക്കിയത്...! ഈ വയ്യാവേലിയൊന്നും വേണ്ട , പോട്ടെ പുല്ല് എന്ന് കരുതി ആ പണം വേണ്ടാന്ന് വച്ചു. എന്നിട്ടും തീര്‍ന്നോ...? എല്ലാം ഭാവി വധുവിന് വേണ്ടിയായിരുന്നുപോലും ...! നന്ദിയില്ലാത്ത വര്‍ഗ്ഗം...!

എല്ലാം സഹിക്കാം ഇത്തവണ നമ്പര്‍ ടെന്‍ ജനപഥിന്റെ വാതായനങ്ങളും കൊട്ടിയടച്ചുകളഞ്ഞു . അതിത്തിരി കട്ടിയായി പോയി. അതിലൂടെ ജനസേവനത്തിന്റെ വാതിലുകളല്ലേ കൊട്ടിയടച്ചത്. ഒറ്റാലില്‍ കിടന്നതും പോയി കിഴക്ക്‌ നിന്ന് വന്നതും പോയി. പോട്ടെ ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലല്ലോ.

കെ.പി.കേശവമേനോന്‍ മഹാനാണ് മഹാരഥനാണ് മാങ്ങാത്തൊലിയാണൊന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ? അദേഹം ജനിച്ചു വളര്‍ന്ന പാലക്കാട് ജില്ലയിലെ തരൂര്‍ എന്ന ഇത്തിരി പോന്ന നാടിന് ഇന്നീക്കാണുന്ന പ്രൌഢിയും പത്രാസ്സുമൊക്കെയുണ്ടാക്കി ലോകഭൂപടത്തില്‍ മതിയായ സ്ഥാനം നേടിത്തരാന്‍ ഈ പാവം ശശി തന്നെ വേണ്ടി വന്നു. ശശിതരൂര്‍ തന്നെ വേണ്ടി വന്നു. ആ ഒരു നന്ദി ..കടപ്പാട് മറ്റാര്‍ക്കും ഉണ്ടായില്ലെങ്കിലും മിനിമം തരൂര്‍ കാര്‍ക്കെങ്കിലും ഉണ്ടാവണം...ഉണ്ടായിരിക്കണം.

..............................................................................................................


പിന്മൊഴി

പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കൂടെ നിര്‍ത്താന്‍ നല്ല ഇംഗ്ലീഷ് വശമല്ലാതെ പോയതും വി.എസ്സിന് വിനയായി.
ഷാജഹാന്‍ ( മുന്‍ പൊളിറ്റിക്കല്‍ സെക്രെട്ടറി)

അതേ കാരണം കൊണ്ടാണല്ലോ ഷാജഹാന്മാര്‍ക്ക് ഇന്നീ കാണുന്ന പത്രാസ്സൊക്കെ ഉണ്ടായത്‌

September 22, 2009

എല്ലാവരും കൂടി മുക്കി എന്റെ മകളെ ഒന്ന്‍ പ്രസവിപ്പിക്കൂ..പ്ലീസ്‌ !

ഈ എഫ്‌.ബി ഐ , ഇന്റര്‍പോള്‍ ,സ്കോട്ട്ലാന്‍ഡ്‌യാര്‍ഡ് തുടങ്ങിയ ഗണത്തില്‍ പെടുത്താന്‍ എന്തുകൊണ്ടും യോഗ്യരാണ്‌ നമ്മുടെ പത്ര പ്രവര്‍ത്തകരും എന്ന് സമ്മതിക്കാന്‍ എന്താ നമുക്കൊക്കെയിത്ര വൈക്ലബ്യം. ഷെര്‍ലോക്ഹോംസ് , ഹെര്‍ക്ക്യൂ ള്‍ പൊയ്റോട്ട് തുടങ്ങിയവരുടെ നിരയില്‍ കസേര വലിച്ചിട്ടു ഇരിക്കാന്‍ ത്രാണിയുള്ള എത്ര എത്ര അപസര്‍പക വീരന്‍മാരാണ് ഇവിടെ ഈ ഓണംകേറാമൂലയില്‍ കിടന്നു പൊടിയും കൂറയുമടിച്ചു ആരുമാരുമറിയാതെ മണ്ണടിഞ്ഞു പുഴുതിന്നു പോകുന്നത്. അല്ലെങ്കിലും ഈ മുറ്റത്തെ മുല്ലയുടെ മണം അങ്ങനയാ. അത് നമ്മുടെ മൂക്കിന്റെ അന്ഡകടാകം ഭേദിച്ച് ഉള്ളിലോട്ടു കയറിയാലും അത് മണമാണെന്ന് സമ്മതിച്ചു കൊടുക്കുക എന്നത് നമ്മള്‍ മലയാളീസിന് ആകാശം ഇടിഞ്ഞു വീഴുന്നത് പോലയോ സ്വൊന്തം കളിമണ്‍തല പോയ്പോകുന്നത് പോലയോ ഉള്ള ഒരു സംഗതിയാ .ഉദാഹരണത്തിന് ഒരു മലയാളി റോക്കറ്റിലേറി അങ്ങ് ചന്ദ്രനിലിറങ്ങി അവിടത്തെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരാഴ്ച തങ്ങി , അവിടത്തെ കൌതുക വസ്തുക്കളും ശേഖരിച്ചു വിജയ ശ്രീലാളിതനായി മടങ്ങി വന്നെന്നിരിക്കട്ടെ ,നമ്മള്‍ ഒട്ടു അംഗീകരിച്ചു കൊടുക്കുമോ ? നമ്മള്‍ മലയാളീസ്‌ എന്താ പറയുക " ഓ..അതിലിപ്പോള്‍ എന്തിരിക്കുന്നു? ഇവിടെ അരൂരില്‍ നിന്ന് കൊച്ചിയില്‍ പോയി അവിടത്തെ വൈകുണ്ടേശ്വോരം ലോഡ്ജില്‍ താമസിച്ചു മസാല ദോശയും കഴിച്ചു, ഒരു ദിനേശ് ബീഡിയും വലിച്ചു വരുന്നത് പോലുള്ള ഏര്‍പ്പാടല്ലേ . അതിലെന്തിത്ര വര്‍ണിക്കാന്‍" എന്നായിരിക്കും. മറിച്ചു അതെ കാര്യം അമേരിക്കക്കാര് സായിപ്പന്‍മാര്‍ ആരെങ്കിലും ഒന്ന് ചെയ്യട്ടെ ,അതിനെപ്പറ്റി വര്‍ണിക്കാന്‍ നമ്മുടെ കഴുത്തിനു ചുറ്റും ആയിരം നാവായിരിക്കും.


കേരളാ പോലീസ് ,ക്രൈം ബ്രാഞ്ച് ,സ്പെഷ്യല്‍സെല്‍ , മ ണ്ണാങ്കട്ട എന്ന് വേണ്ട ആ പുലികള് സി ബി ഐ ക്കാര് വരെ തല കുത്തി നിന്ന് അന്യഷിച്ചിട്ടു തെളിയിക്കാന്‍ കഴിയാത്ത എത്ര എത്ര കേസുകളാ കുറ്റാന്യക്ഷണപടുക്കളായ നമ്മുടെ പത്രക്കാര് പിള്ളേര് കിളി കിളി പോലെ, പുഷ്പം പുഷ്പം പോലെ തെളിയിച്ചിരിക്കുന്നത്. പക്ഷെ അതൊന്നു സമ്മതിച്ചു കൊടുക്കുക, ങ്ങ .ഹ അതില്‍ പരം അപരാധം വേറെയുണ്ടോ ? ആ സുകുമാരക്കുറുപ്പ് മുങ്ങിയ സമയത്ത് നമ്മുടെ ചാനല് പിള്ളേരും അപസര്‍പക പത്രപ്രവര്‍ത്തകരും ഒന്നും ഇന്നത്തെ യത്ര ഉഷാറല്ലാതായി പോയി . അത് ഇന്നായിരിക്കണമായിരുന്നു. വിത്ത് ഇന്‍ ഇരുപത്തിനാല് മണി ക്കൂറില് ഇതിയാനെ ചെവിക്കു പിടിച്ചു നമ്മുടെ മുമ്പില്‍ കൊണ്ടിട്ട് നമ്മുടെയൊക്കെ കണ്ണ് തള്ളിചെനെ


ശീതസമരക്കാലത്ത് പഴയ സോവിയറ്റ് യൂണിയന്റെ കെ.ജി ബി ചാരന്മാരെ സി ഐ ഏ ക്കാര് പിടിക്കുന്നതിനെക്കാള്‍ എത്ര വിദഗ്ദമായാണ് നമ്മുടെ ചുണക്കുട്ടികള്‍ മാലിയില്‍ നിന്ന് വന്ന കൊടിയ ചാരത്തിയായിരുന്ന ആ മറിയം റഷീദയെ പിടികൂടി, കൈയാമം വച്ചു തമ്പാനൂര്‍ മുതല്‍ കണ്ട്രോള്‍മെന്റ് സ്റ്റേഷന്‍ വരെ നടത്തിച്ചത്. ഹോ അത് കേരള പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ഫോണ്ട് കൊണ്ടെഴുതിയ ഒരധ്യായം തന്നെയായിരുന്നു .മറിയം റഷീദ എന്ന പേരോര്‍ക്കുമ്പോള്‍‍ തന്നെ നമ്മുടെ പത്രക്കാര്‍ക്ക് കുളിര്‍ മയിരുണ്ടാകും .നമ്മുടെ അപസര്‍പ്പക ലേഖകര്‍ ചുരുലഴിചെടുത്ത ആ ഐ.എസ. ആര്.‍ ഓ. ചാര കേസ്സ് എത്ര മാസ കാലത്തോളമാണ് ഈ ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ ഹൌസ് ഫുള്ളായി ഓടിയത് .മാസങ്ങള്‍ നീണ്ടു നിന്ന ആ കരിമരുന്നു പ്രയോഗത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ എത്ര സിംഹാസനങ്ങലാണ് ഇവിടെ കടപുഴകി വീണത്‌ .കെ.കരുണാകരന്‍ എന്ന ഗജകേസരി നാല് കാലും പറിഞ്ഞല്ലേ മുഖ്യമന്ത്രി കസേരയില്‍ നിന്ന് വീണത്‌ .പിന്നീട് പോലീസ് മേധാവിയാകാന്‍ യോഗമുണ്ടായെങ്കിലും രമന്‍ശ്രീവാസ്തവ തലയില്‍ മുണ്ടിട്ടല്ലേ ഒന്ന് മുള്ളാന്‍ പോലും പുറത്തിറങ്ങിയിരുന്ന്തു .നമ്പി നാരായണന്‍ എന്ന പ്രഗല്‍ഭനായ ശാസ്ത്രജ്ഞാന്റെയും കുടുംബത്തിന്റെയും അവസ്ഥ അന്നെന്തായിരുന്നു.പുറത്തിറങ്ങിയാല്‍ ജനം കല്ലെറിയും എന്ന് പേടിച്ചു വര്‍ഷങ്ങളോളമല്ലേ വീടിന്റെ വാതായനങ്ങള്‍ തഴുതിട്ടു ഉള്ളിലിരുന്നത് .


അല്ലെങ്കിലും കുട്ടാന്യക്ഷണ കഥകളോട് നമ്മള്‍ മലയാളീസിനു എന്നും ഒരു പ്രത്യേക പ്രണയം തന്നെ ഉണ്ടല്ലോ .ആര്‍തര്‍ കോനന്‍ ഡോയളിന്റെയും അഗതാ ക്രിസ്റ്റി യുടെയും എന്തിനു കോട്ടയം പുഷ്പനാഥിന്റെ വരെ കുറ്റാന്യക്ഷണ നോവലുകള്‍ ഇവിടെ ചൂടപ്പം പോലല്ലയോ വിറ്റ്പോകുന്നത് .'യവനികയും' 'സിബി ഐ ഡയറി കുറിപ്പ്' മെല്ലാം ഇവിടത്തെ തീയേറ്റരുകളില്‍ നിറന്ഞോടിയതെന്താ നമ്മള്‍ മലയാളീസിന്റെ കുറ്റന്യഷണ ത്വോര ഒന്നു കൊണ്ടല്ലേ .ഈ ത്വൊര കണ്ടില്ലാണ് നടിക്കാന്‍ തലമണ്ടയില്‍ ചേര്‍ അല്ലാണ്ട് ചോറുള്ള ആര്‍ക്കെങ്കിലും കഴിയുമോ ? മലയാളീസിന്റെ അടങ്ങാത്ത ഈ കുറ്റാന്യക്ഷണ ത്വൊര ഒന്നില്ലെങ്കില്‍ റൂപ്പദ് മര്‍ഡോക്ക്‌ എന്ന അമേരിക്കന്‍ മാധ്യമ ഭീകരന്‍ കൊച്ചു കേരളത്തില്‍ വന്നു Asia net എന്ന കൊച്ചു ചാനല്‍ പോന്നു വിലക്ക് വാങ്ങുമോ ? സായിപ്പിനറിയാം ഉണ്ണാനും ഉടുക്കാനും കിട്ടിയില്ലെങ്കിലും മലയാളീസ്‌ ടി വി പെട്ടിയില്‍ നിന്ന് വരുന്ന തമ്പോറടികളും കേട്ട് മാസങ്ങളോളം വേണമെങ്കിലും വായും പിളര്‍ത്തി വച്ചു ഇരിക്കുമെന്ന് .


അഭ്യൂഹങ്ങള്‍ കൊണ്ട് എങ്ങനെ ജനങ്ങളെ മയക്കി മുഖ്യമന്ത്രി കസേരവരെ സ്വോന്തമാക്കാം എന്നും, നാല് പെണ്‍വാണിഭ കേസുകളുടെ വക്കാലത്തേറ്റെടുത്താല്‍ എങ്ങനെ ആദര്‍ശരാഷ്ട്രീയത്തിന്റെ അമരത്തെത്താംമെന്നും വിദഗ്ധമായി തെളിയിച്ച മുഖ്യമന്ത്രി വാഴുന്ന നാട്ടില്‍ അല്‍പ സ്വല്പം അഭ്യൂഹ വാര്‍ത്ത ചമയ്ക്കുന്നതിന്റെ പേരില്‍ പത്രക്കാര് കുഞ്ഞുങ്ങളുടെ മുകളില്‍ കുതിര കയറാന്‍ ചെല്ലുന്നതിന്റെ പൊരുള്‍ എന്തെന്ന് മസ്സിലാകുന്നില്ല.ഏത് കേസിലും ഒരു വി ഐ പി ഉണ്ടായാല്‍ ഉണ്ടാകുന്ന മാര്‍കെറ്റ്‌വാല്യൂ എന്തെന്ന് നമ്മുടെ കുട്ടികള്‍ പഠിച്ചത് അങ്ങോരുടെ കിളിരൂരിരില്‍ ചെയ്ത ആ വി ഐ പി പ്രയോഗത്തിലൂടെയല്ലേ . യെത്ര കാലമാണ് ജനത അദേഹത്തിന്റെ വി ഐ പി യും നെഞ്ചേറ്റി നടന്നത്


കിളിരൂരിനു ശേഷം ഏത് കേസ്സ് വന്നാലും ജനം ചോതിക്കുകയല്ലേ എവിടെ വി ഐ പി ? എവിടെ വി ഐ പി..? എന്ന്. എന്ത് തോന്തരവാ . കൊടുക്കാതിരിക്കാന്‍ പറ്റുമോ ? ജനങ്ങള്‍ക്ക്‌ വേണ്ടത് കൊടുത്തില്ലെങ്കില്‍ പിന്നെ ഇവരെല്ലാം പത്രപ്രവര്‍ത്തകരെന്ന കുപ്പായവുമിട്ട് നടന്നിട്ട് എന്ത് കാര്യം . വല്ല കമ്പിലോ കുത്തി പാടത്തോ മറ്റോ കൊണ്ട് വയ്ക്കാനല്ലേ കൊള്ളാവൂ. തുടര്‍ന്ന് എത്ര കേസ്സ്കളിലാ മന്ത്രി പുത്രന്‍ മാരുടെയും മറ്റും അദൃശ്യകരങ്ങളുടെ പങ്കിലേക്ക് ജനമനസുകളെ കൈപിടിച്ചു കൂട്ടി കൊണ്ട് പോകാന്‍ കഴിഞ്ഞത്. എത്ര യെത്ര കിടിലം തെളിവുകള്‍ നിരത്തിയാ കേസ്സുകളോരോന്നും എണ്ണി എണ്ണി തെളിയിച്ചത് തെളിവുകളെന്നു പറഞ്ഞാല്‍ എന്തെല്ലാം തരത്തിലുള്ള തെളിവുകളാ .തെളിവുകളന്യക്ഷിച്ചു അലഞ്ഞു തിരിയുക പോലും വേണ്ട, ഫാസ്റ്റ് ഫുഡ്‌ പോലെ പാക്കറ്റ് ആയി ചാനലോഫീസ് തേടി വരികയല്ലേ ! അബ്ദുള്ള മല തേടിയേത്തിയില്ലെങ്കില്‍ മല അബ്ദുല്ലയെ തെടിയെത്തും. പ്രതികളുടെ വെളിപ്പെടുത്തല്‍ , പ്രതികളുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ , പിതാശ്രീ,മാതാശ്രീ തുടങ്ങി പ്രതികളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ .ഹോ എത്ര കഠിനം .


സംഗതി കോടിയേരിയുടെ രണ്ടു മക്കളുടെ കൈകളിളില്ലാത്ത കുണ്ടാമാണ്ടിത്തര ലോന്നുമില്ല. അക്കാര്യത്തില്‍ സാക്ഷാല്‍ കോടിയേരിക്ക് തന്നെ മറിച്ചൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. പിന്നെയെന്തിന് നമുക്കൊക്കെ ഇത്ര ദെണ്ണം .ചുക്കില്ലാത്ത കഷായമുണ്ടോ ? ഇരുന്നോട്ടെ എല്ലാ കേസ്സിലും. അമുക്കി ചെരച്ചാലും അതുങ്ങടെ തലയിലെഴുത്തു മാറാന്‍ പോകുന്നില്ല നമുക്കെന്തു നഷ്ടം .നാട്ടിലേതു മോഷണം നടന്നാലും മുമ്പ് ഏതെങ്കിലും മോഷണ കേസില്‍ പ്രതിയായിട്ടുള്ളവരെയല്ലേ നമ്മുടെ ലോക്കല്‍ പോലീസ് ആദ്യം പിടികൂടുക. ഏതെങ്കിലും മന്ത്രി പുങ്കവന്മാരുടെ പുത്രന്മാരോ സിനിമാനടികളോ ഇല്ലങ്കില്‍ ഇ കഥകള്‍ക്കെല്ലാം എന്ത് എരിവും പുളിയും ഇക്കിളിയും ?


സോദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ പറ്റിയും കേസരി ബാലകൃഷ്ണപിള്ളയുടെ ഉത്തരവാദിത്വ പത്രപ്രവര്‍ത്തനത്തെ പറ്റിയൊക്കെ ഊറ്റം കൊള്ളൂകയും പാടി പുകഴ്ത്തുകയുംമൊക്കെ ചെയ്യാമെന്നല്ലാതെ അവരുടെ രീതികളൊക്കെ അനുകരിക്കാന്‍ പോയാല്‍ ഇന്നത്തെ കാലത്ത് ചൊറിയും കുത്തി വീട്ടിലിരിക്കാനല്ലേ കഴിയൂ .ആസിയാന്‍ കരാറിനെ പറ്റിയും സാമ്രാജ്യത്ത അധിനിവേശത്തെ പറ്റിയും വിലക്കയറ്റത്തെ പറ്റിയും മൊക്കെ വെണ്ടയ്ക്ക നിരത്തിയാല്‍ ഏതെങ്കിലും കര്‍മചന്ടാലന്‍ വായിക്കുമോ അതൊക്കെ ? മലയാളീസിനു വേണ്ടത് ചൂടന്‍ സാധനങ്ങളല്ലേ. നാട്ടില്‍ കലാകൌമുദി, മാതൃഭൂമി, സമാകാലീന മലയാളം ,ഭാഷാഭോഷിണി എന്നൊക്കെ പേരില്‍ എത്ര വീക്കിലികളാ ആഴ്ച്ചയോടാഴ്ച ഇറങ്ങുന്നത് ? ക്രൈം ,ക്രൈം ഫയല്‍, ഫയര്‍ തുടങ്ങിയ ചൂടന്‍ സാധനങ്ങള്‍ നാലാള്‍ കാണാതെ പൊതിഞ്ഞു കൊണ്ട് പോകാനല്ലാതെ എത്ര പേര്‍ ആ വക സാധനങ്ങള്‍ വാങ്ങുന്നു ? അടൂരിന്റെ 'വിധേയനും' ഷക്കീലയുടെ 'കിന്നാരത്തുമ്പികളും' അടുത്തടുത്ത തീയെറ്റര്കളില്‍ ഓടിയാല്‍ നമ്മള്‍ മലയാളീസ്സു അതില്‍ ഏത് സിനിമയായിരിക്കും കാണുക ?


ഇവിടെ ഇപ്പോള്‍ കൊല്ലപ്പെട്ടത് വല്ല അണ്ടനോ അടകോടനോ ആപ്പയോ ഊപ്പയോ മറ്റോ ആണോ ? നാട്ടിലെ എണ്ണപ്പെട്ട സമ്പന്ന കുടുമ്പങ്ങളില്‍ ഒന്നായ മുത്തൂറ്റ് കുടുംബത്തിലെ ഒരു ഇളമുറക്കാരനല്ലേ ? നമ്മുടെ ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക്‌ വരെ സംബന്ധം കൂടി താമസിക്കാന്‍ പറ്റിയ തറവാട് . നമ്മുടെ പത്രക്കാരുടെ പരസ്യ ദാതാവ് .പൊന്മുട്ടയിടുന്ന താറാവ് .മാധ്യമ ശ്രീമാന്മാര്‍ക്ക് ഇത്തിരി ദെണ്ണമൊക്കെ ഉണ്ടാവും എന്ന് കൂട്ടിക്കോ . നിങ്ങള്‍ പോലീസ്കാര്‍ 48 മണിക്കൂറിനകം പ്രതികളെ കണ്ടു പിടിക്കുകയോ ..? മഹാപാതകം ! തൃപ്തിയല്ല . നമ്മുടെ പത്രക്കാര് സി ഐ ഡി കള്‍ തന്നെ അന്യക്ഷിക്കണം. നമ്മുടെ പോള്‍ മുമ്പ് മയക്കുമരുന്ന് കേസ്സില്‍ പിടിക്കപ്പെട്ടിട്ടുണ്ട്, ഗുണ്ടകളും ലേഡീസ്‌ ബാഗുകളും ചുരിദാറുകളും ഒക്കെ കൂടെ കൊണ്ട് നടക്കുന്നവനാണ് എന്നൊക്കെ കരുതി മരിച്ച ആളുടെ ഭൂതകാലം ചികയാമോ .കുറച്ചു വി ഐ പി കളെയും സിനിമാ നടികളെയും ചില ഗൂണ്ടാകളെയും ചേര്‍ത്ത് കേസ്സ് തെളിയിച്ചാല്‍ പോരെ . എന്തെല്ലാം തെളിവ്കളാ പത്രവിശാരദന്‍മാര്‍ ‍നിങ്ങളുടെയൊക്കെ മുന്നില്‍ നിരത്തിയത് . പ്രതി 'കാരി ' യുടെ അമ്മ എന്തെല്ലാം സത്യങ്ങളാ ഉച്ചൈസ്തരം വിളിച്ചു പറഞ്ഞത്. ലോകത്തില്‍ ഏതെങ്കിലും അമ്മ മകന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് പറയുമോ ? ആ അമ്മ പറഞ്ഞ കത്തിയും കട്ടിലും നമ്മുടെ പത്രശിരോമണികള്‍ കൈയ്യോടെ കണ്ടു പിടിച്ചു നമ്മുടെ മുന്നിലേക്കിട്ടുതന്നില്ലേ ? ഒരു ചാനല്‍കുമാരന്‍ കൊല്ലന്‍ കൂടമാടിക്കുന്നത് കാണിച്ചാല്‍ അടുത്ത ചാനലിലെ കുമാരി ഗുണ്ടയുടെ കട്ടിലിനടിയില്‍ കയറി കത്തിയോളിപ്പിക്കുന്ന കൈ കാണിക്കും .തമിഴ് നാട്ടില്‍ നിന്ന് ഗുണ്ടകളെയും കൊണ്ട് വന്ന പോലീസ് വണ്ടിയെ സിനിമാ സ്റ്റൈലില്‍ മത്സരിച്ചല്ലേ നമ്മുടെ ചാനല്‍കുമാരന്‍ മാരും കുമാരികളും പിന്തുടര്‍ന്നത്‌ . ഗുണ്ടകള്‍ ഒളിച്ചു താമസിച്ചിരുന്ന ദുബായിലെ ഹോട്ടലിന്റെ മുമ്പില്‍ നിന്ന് നമ്മുടെയൊക്കെ സ്വൊന്തം ലേഖകനായ അവിടത്തെ ഷെയിക്ക് , ഫൈസല്‍ ബിന്‍ അഹമ്മദ്‌ പച്ച മലയാളത്തില്‍ അല്ലെ കുത്തബ് തന്നത് .


കിട്ടുന്ന തെളിവുകള്‍ പോലീസിന് നല്‍കേണ്ടി വരും പോലും .പിന്നെ...! കുറച്ചു പുളിക്കും ..! നമ്മുടെ പത്രക്കാരാരാന്നു നിങ്ങള്‍ക്ക് നേരെ ചൊവ്വേ മനസ്സിലായിട്ടില്ലാന്നു തോന്നുന്നു. ജനജിഹ്വയാണ് . ഭരണഘടനാ പരിരക്ഷയുള്ള ഇനങ്ങളാ . എന്തും ചോദിക്കാം ,വിചാരണ ചെയ്യാം ,വിസ്തരിക്കാം, കഴുവേറ്റാആം ഏത് രഹസ്യത്തിലെക്കും ചൂഴ്ന്നു ചെല്ലാം. പറയുന്നത് കേട്ട് മര്യാദക്ക് ഇരുന്നു കൊള്ളണം എന്നല്ലാതെ തിരിച്ചാരും ചോദിക്കത്തില്ല.അവരെ ഭീഷണിപ്പെടുത്താം എന്ന് വെച്ചാല്‍ അത് കാക്ക‍ കൂട്ടില്‍ കല്ലെറിയുന്നത്‌ പോലിരിക്കും .ഒന്നിച്ച്‌ വന്നു കൊത്തും . മാധ്യമ ക്വോട്ടേഷന്‍ക്കാര്‍ പിടലിക്ക് തല്ലിയാലും ഒരു പുമാനും ചോദിക്കത്തില്ല .ഇനി വിഡ്ഢികള്‍ ജനങ്ങള്‍ എതിരായാലും അവര്‍ക്ക് പുല്ലാ . അവര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലോന്നും മത്സരിക്കുന്നില്ലല്ലോ..? ആനന്ദ ലബ്ദിക്ക് വേറെന്തു വേണം ..? വെറുതെയാണോ പണ്ട് ഈറ്റ് നോവെടുത്തു പിടയുന്ന മകളെ കണ്ട് സഹികെട്ട് ഒരമ്മ നമ്മുടെ മാധ്യമശ്രീമാന്‍മാരോടും ശ്രീമതികളോടും ഇണ്ടല്‍ കൊണ്ടത് "നിങ്ങളെല്ലാരും ചേര്‍ന്ന് മുക്കി ‍എന്റെ മകളെ ഒന്ന് പ്രസവിപ്പിക്കൂ ..പ്ലീസ്‌ "
* * * *

കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ അന്നത്തെക്കാലത്തെ മാധ്യമജി മാരുടെ ചോരകിളാര്‍പ്പ് കണ്ടു പാടിയതിങ്ങനെ .

ഉണ്ണണമെന്നും മുറങ്ങണമെന്നും
പെണ്ണുങ്ങളോട് രസിക്കണമെന്നും
കണ്ണില്‍ കണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ട് ദുഷിക്കണമെന്നും
ഇത്തോഴിലല്ലാതിപ്പരിഷക്കൊരു
വസ്തു വിചാരമൊരിക്കലുമില്ല

* * * * *

പിന്‍മൊഴി :- പിണറായിക്കെതിരെ കേസ്സ് നടത്താന്‍ ക്രൈംനന്ദകുമാറിന് ഒരു ലക്ഷം രൂപ കൊടുക്കും - പി.സി.ജോര്‍ജ്‌

ഇതിന്റെ യൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ ഇച്ചായാ നിങ്ങള്‍ക്ക് ? വി.എസ് .ആനയാണ് ,ചേനയാണൊന്നൊക്കെ പറഞ്ഞു അങ്ങോരുടെ വാലേ തൂങ്ങി നടന്ന സമയത്ത് സ്വോന്തമായി പത്തു അണികളെയും ഉണ്ടാക്കി മലയോര കര്‍ഷകസേവനവുംമായി, എല്ലില്ലാത്ത ആ നാവും വായിലിട്ട് കഴിഞ്ഞിരുന്നെങ്കില്‍ ഇന്നീക്കാണുന്ന ഗതികേട് വരത്തുമില്ലായിരുന്നു ഈ ഒരു ലക്ഷം പോകത്തുമില്ലായിരുന്നു. ആ കടന്നപ്പള്ളി സാറിനെ കണ്ടു പഠിക്കാന്‍ നോക്കിഷ്ടാ ...! (പരസ്യമായി കക്ഷത്ത്‌ വച്ചു നടക്കാന്‍ പറ്റിയ ഒരു പ്രസിദ്ധീകരണ ത്തിന്റെ പത്രാധിപര്‍ പോലുമല്ലാത്ത നന്ദകുമാറിന് ഒരു ലക്ഷം ..! ഇട്ടു നിരങ്ങുന്ന അച്ചിക്ക്‌ നിരങ്ങി ഉണ്ണുന്ന നായര്‍ .! )

August 15, 2009

ശ്ശോ ...ഈ മുരളീധരന്‍ജിയെ കൊണ്ട് തോറ്റു ....!

ഈ മുരളീധരന്‍ജിയെ കൊണ്ട് മഹാശല്യമായിരിക്കുന്നു . എന്തിനും അല്പം വകതിരിവോക്കെ വേണ്ടേ ..? അല്ലെങ്കിലും ഈ വകതിരിവ് എന്നത് ചകിരി പോലുമില്ലാത്ത ഒരാളാണല്ലോ ഇഷ്ട്ടന്‍ ? ആ സാധനം ഉപ്പിന് വേണ്ടിയെങ്കിലും കൈ വശമുണ്ടായിരുന്നുവെങ്കില്‍ , ജനസേവനത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന , കെ പി സി സി പ്രസിഡന്റ്‌ സ്ഥാനം എന്ന ആ എടുത്താല്‍ പൊങ്ങാത്ത ഊക്കന്‍ സ്ഥാനം വലിച്ചെറിഞ്ഞിട്ടു ആ പോട്ട കറന്റ് മന്ത്രിയെന്ന തുക്കടാ സ്ഥാനത്തിന്റെ പുറകെ പോകുമായിരുന്നോ ? നാട്ടിലെ സാദാ നാലണ കോണ്‍ഗ്രസ്‌ മേംബെര്മാര് പോലും ചെയ്യാത്ത പണിയല്ലേ അന്ന് ടി യാന്‍ ചെയ്തത് . ജനങ്ങലെന്ന കഴുതകളും ജനാധിപത്യ വിശ്വാസികളായ നമ്മള്‍ കോണ്‍ഗ്രസ്സുകാരും അന്ന് അവസരോചിതമായി ഇടപെട്ടത് കൊണ്ട് വടക്കാംചേരിയില്‍ തോറ്റു ജന സേവനത്തിന്റെ പാഥയിലേക്ക് കക്ഷി വീണ്ടും മടങ്ങി എത്തി . കക്ഷത്തിരുന്നത് പോകേം ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടീമില്ല എന്ന് പഴയ കാരണവന്മാര്‍ പറയാറില്ലേ ? അതുമാതിരിയായി അന്ന് മുരലീധര്‍ജിയുടെ അവസ്ഥ .

എന്നിട്ടെന്തെല്ലാം കുണ്ടാമണ്ടിത്തരങ്ങലാണ് ഇച്ചങ്ങായി പിന്നീട് ചെയ്തു കൂട്ടിയത് .നാട്ടില്‍ മര്യാദക്ക് ജനസേവനവും ദേശീയോധ്ഗ്രധന പ്രവര്‍ത്തനവും നടത്തി കഴിഞ്ഞു വന്നിരുന്ന ശുദ്ധഗതിക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും നേതാക്കളെയും പറഞ്ഞു പറ്റിച്ചു ഡി ഐ സി യെന്ന പേരില്‍ പുതിയ പാര്‍ട്ടി, നാട് നീളെ റാലികള്‍ , നമ്മുടെ ഇന്ദിര ഭവനെക്കാളും വലിയ പാര്‍ട്ടി ഓഫീസ് (അതും സ്വന്തം പേരില്‍) , നടോട്ടാകെ പൊതുയോഗങ്ങള്‍, പ്രസംഗങ്ങള്‍ , പത്ര സമ്മേളനങ്ങള്‍.....ഹോ എന്തൊക്കെ ആയിരുന്നു പുകില്. അന്നൊക്കെ കോണ്‍ഗ്രസ്‌ എന്ന് പറഞ്ഞാല്‍ 'ഉമ്മന്‍ കോണ്‍ഗ്രസ്സും' സോണിയാജി എന്നാല്‍ 'മദാം' ഉം ആയിരുന്നു. ചായ കുടിയും കിടപ്പുമെല്ലാം ഇടതുപക്ഷ പിന്തിരിപ്പന്‍മാരുടെ കുടെയും.
ആ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒന്ന് കാണണമായിരുന്നു ഇതിയാന്റെ ഒരു പത്രാസ്‌. പെണ്ണുങ്ങളെ പോലെ തലമുടിയും നീട്ടി വളര്‍ത്തി നടക്കുന്ന ആ സീ പീ ഐ ക്കാരനെയും പൊക്കിയെടുത്തു നടന്നു കൊണ്ട് എന്തെല്ലാം കോപ്രായങ്ങള്‍ ആണ് കാട്ടിക്കൂട്ടിയത് ..? സീപീഐ ഉം ഡീ ഐ സീ ഉം തമ്മില്‍ അന്ന് വലിയ പ്രണയമല്ലായിരുന്നോ..? ഈച്ചയും ചക്കപ്പഴവും മാതിരി, റോമിയോയും ജൂലിയോറ്റ് ഉം മാതിരി, വീ എസും സീബിഐ ഉം മാതിരി.... ഒന്നിച്ചേ നടക്കൂ , ഒരു പാത്രത്തിലെ ഉണ്ണൂ, ഒരു പായയിലെ ഉറങ്ങൂ....ഹോ. കെട്ടിപിടിച്ചു മുത്തമിടീല് , മൂത്ര മൊഴിക്കല് , കിടക്ക പങ്കിടീല് എന്നുവേണ്ട എല്ലാം. അവസാനം എന്തായി? കാര്യങ്ങളൊക്കെ കഴിഞ്ഞു വായിലോരോ ലടുവും വച്ച് കൊടുത്തിട്ട് വലിയ സിംബലന്മാരായി ‍ആയി പൊടിയും തട്ടി അവര് അവരുടെ പാട്ടിനു പോയി. അവര് പോയ വഴിക്ക് പിന്നീട് പുല്ലു പോലും കിളിര്‍ത്തിട്ടില്ലെന്നാണ് ചെങ്കല്‍ ചൂളയിലെയും, ചാല അങ്ങാടിയിലെയും പിള്ളേര് പോലും പറഞ്ഞു നടക്കുന്നത്.
അസൂയ കൊണ്ട് അപഖ്യാതി പറയുകയാണെന്ന് ധരിക്കരുത്, പിന്നീട് വിപ്ലവത്മകമെന്നു വിശേഷിപ്പിക്കാവുന്ന എത്രഎത്ര എടാ കൂടങ്ങള്‍ ആണ് അദ്ദേഹം ഒപ്പിച്ചു വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി. എഫ്‌ - നെ വരിക്കുന്നു, ത്തെരെഞ്ഞെടുപ്പ് കഴിഞ്ഞു മൊഴി ചൊല്ലുന്നു, ഉപതെരെഞ്ഞെടുപ്പുകളില്‍ വീണ്ടും ഇടതു പിന്തിരിപ്പന്മാരുടെ കൂടെ , കുറച്ചു കാലം ഓച്ചിറ കാളയെ പോലെ ഒറ്റയ്ക്ക് നടന്നു, പിന്നീട് വീണ്ടും ഇടതന്മാരുടെ കൂടാരത്തില്‍ കയറി പറ്റാമെന്നുള്ള മോഹപ്പനി. അതിനു വേണ്ടി ഡി.ഐ.സീ വിട്ടു എന്‍. സി.പി - ലേക്ക് ഒരു പരകായ പ്രവേശം. കൂട് വിട്ടു കൂട് മാറല്‍ . ആ സമയത്ത് പവാര്‍ജിയെന്നു പറഞ്ഞാല്‍ അത്രയും പറയില്ല. വിനയം കൊണ്ട് നട്ടെല്ല് വളഞ്ഞു പോവുമായിരുന്നു. എന്നിട്ട് എന്തായി ? വല്ലതും നടന്നോ? ആ വീ എസും സി.പി.ഐ ക്കാരും കൂടി ചെയ്തത് ലളിതമായി പറഞ്ഞാല്‍ ഒത്തിരി കടും കൈ തന്നെ ആയി പോയി .
ഹോ ..ഈ കേരളം പോലെ ആധര്‍ശ രാഷ്ട്രീയത്തിന് വളക്കൂറില്ലാത്ത നാട് ഇന്ത്യയില്‍ എവിടെയെങ്കിലും കാണുമോ ? ഇവിടെ രണ്ടു മുന്നണികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകല്ലേ ? മഹാമേരു മാതിരി ...! ഇവിടെ ഏതെങ്കിലും പുരോഗമന പ്രസ്ഥാനങള്‍ക്ക്‌ നിലനില്‍ക്കണമെങ്കില്‍ രണ്ടിലോന്നിന്റെ കൂടെ കൂടിയല്ലേ പറ്റൂ ...! എന്തൊരു ഗതികേടാണ് . ആ യു പി യിലോ, ബീഹാറിലോ ആയിരിക്കണമായിരുന്നു , ഇവനെയൊക്കെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു
കണ്ടകശനി കൊണ്ടെ പോകൂ എന്നല്ലേ..? ഇതിയാനോടൊപ്പം നിന്നിരുന്ന ശോഭനാജി , പീതാംബരകുറുപ്പ് ജി , കൊടോത്തുജി തുടങ്ങി സ്വൊന്തം പിതാവ്ജി വരെ നീളുന്ന അത്യുല്പാദന ശേഷിയുള്ള മുന്തിയയിനം ജനുസില്‍ പെട്ട ഒട്ടുമിക്ക ആധര്ശ ധീരന്മാരെല്ലാം സുല്ല് പറഞ്ഞു മാതൃ സംഘടനയുടെ മതില് ചാടിക്കടന്നു അകത്ത് കടന്നിരുന്നു . അന്ന് കരുണ്‍ജി ചക്കരെ , തേനെ .. എന്നൊക്കെ പറഞ്ഞു മയക്കുന്ന ചിരിയും ചിരിച്ചു കാണ്ടാമൃഗത്തിനെ വിരട്ടുന്ന തൊലിയുമായി, ഒരു ഉളുപ്പുമല്ലാതെ "ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു ,മുരളിയെന്റെ മകനല്ല , വേറെയേതോ വകയിലുള്ളതാണ് " എന്നൊക്കെ പറഞ്ഞു വന്നപ്പോള്‍ കോണ്‍ഗ്രസില്‍ വിവരം മരുന്നിനു വേണ്ടിയെങ്കിലും ഉണ്ടെന്നു പറയാന്‍ പറ്റുന്ന അപൂര്‍വ്വം ചില കോണ്‍ഗ്രസ്സ്‌ കാരെന്കിലും പറഞ്ഞു - ഇത് അച്ഛനും മകനും ചേര്‍ന്നുള്ള തട്ടിപ്പാണ് അതില്‍ വീഴരുതെന്ന് , ആറ്റിലേക്കച്യുതാ ചാടല്ലേ..ചാടല്ലേന്നു ! ആര് കേള്‍ക്കാന്‍ ? എല്ലാവരും ചേര്‍ന്ന് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത് . അല്ലെങ്കിലും ഈ കോണ്‍ഗ്രസിന്റെ വാതില്‍ അങ്ങനെയാണല്ലോ ? വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കാര്യം സാധിച്ചു പോകാന്‍ പറ്റുന്ന ഈ വേശ്യാലയത്തിന്റെ വാതില് പോലെ ! ആര്‍ക്കും വരാം പോകാം . പണ്ടൊക്കെ കോണ്‍ഗ്രസ്സില്‍ വരാന്‍ മിനിമം ഖദര്‍ വസ്ത്രമെങ്കിലും ധരിക്കണമായിരുന്നു . ഇപ്പോള്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ്സില്‍ ചേരാം . അങ്ങനെ അവസാനം അത് സംഭവിച്ചിരിക്കുന്നു . മലയാളക്കരയിലെ കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതു അല്പം നേരത്തെ തന്നെ . മുരളീധര്‍ജി വീണ്ടും കോണ്ഗ്രസാകുന്നു . ഈ മൂഷിക സ്തീ പിന്നെയും മൂഷിക സ്ത്രീ ആയതു പോലെ . ഇനിയുള്ള അദേഹത്തിന്റെ ശിഷ്ട ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സിനെ പുഷ്ട്ടിപ്പെടുത്താന്‍ വേണ്ടി നീക്കിവച്ചിരിക്കുന്നു. ‍അദ്ദേഹം മടങ്ങി വരുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണ് എന്നൊക്കെ തല്പര കക്ഷികള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് . വാസ്തവത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നത് രാഷ്ട്രത്തിന്റെ ഭാവിയും ,കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയും ഓര്‍ത്ത്‌ സങ്കടം വന്നിട്ടാണ് . സോണിയാജിയുടെ വളയിട്ട കരങ്ങള്‍ക്ക് ശക്തി പകരാനാണ് . ഒപ്പം അദെഹത്തിനു വേണ്ടി ത്യാഗപൂര്‍ണമായ സേവനമനുഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ വഴിയാധാരമാകാതിരിക്കാനാണ് . ഇതൊന്നും മനസ്സിലാക്കാന്‍ ബുദ്ധിജീവിയോന്നും ആകണമെന്നില്ല, മന്ദബുദ്ധിജീവിയായാലും മതി .
ആര്യാടന്ജി , ചാണ്ടിജി , വയലാര്‍ജി തുടങ്ങി മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്‌ വിട്ടു പോയി വീണ്ടും കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു കോണ്‍ഗ്രസ്‌ സിങ്കങ്ങളായിമാറിയ മുന്‍ഗാമികള്‍ പലരും അലമ്പും ഉണ്ടാക്കി ഈ ചരിത്ര സംഭവത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും മുരളിജി ഇനിമേല്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായ നേതാവ്‌ തന്നെ ആയിരിക്കും . കാരണം ഇത് പ്രസ്ഥാനം കോണ്‍ഗ്രസാണ് . ഈ കോണ്‍ഗ്രെസ്സിനെപ്പറ്റി നിങ്ങള്‍ക്കാര്‍ക്കും ഒരു ചുക്കും അറിയില്ല . ഇതില് ആ സിപിഎം ലെ പോലെ പോളിറ്റ്ബ്യൂറോക്രാറ്റ് മാര് ,കേന്ദ്ര വേന്ദ്രന്മാര് , സംസ്ഥാനകമ്മിറ്റി ഗുനാണ്ടര്മാര് എന്നിവരെല്ലാം കൂടി ചര്‍ച്ചിച്ച് ,ചര്‍ച്ചിച്ച് സമയം കളയുന്ന ഏര്‍പ്പാടോന്നും ഇല്ല. ഇതില്‍ എല്ലാം കണ്ടും കേട്ടും മുകളിലോരാള്‍ ഇരിപ്പുണ്ട് . അവിടെ തീരുമാനിക്കും ആര് കോണ്‍ഗ്രസ്‌ നേതാവാകണം , ആര് ആകണ്ടാന്നു . അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമായിട്ട് വിളിക്കാം, " മുരളീധരന്‍ജി സിന്ദാബാദ്‌ .."..!


കുറിപ്പ് :- ഒരിക്കല്‍ തോണ്ടി എറിഞ്ഞ മാളിന്യങ്ങളൊക്കെ വീണ്ടും തിരികെ വന്നടിയാന്‍ ശ്രെമം നടക്കുന്നു- കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വൃ ..വീക്ഷണം.
വിളപ്പില്‍ശാലയിലെ കുപ്പത്തൊട്ടി പോലെ ഇത്രയധികം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുള്ള ഒരു കുപ്പത്തൊട്ടിയില്‍ നിന്ന് ‍ഒരു പ്രത്യേക തരം അമേദ്യം മാത്രം തോണ്ടി എറിയാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആ അസാധ്യമായ കഴിവുണ്ടല്ലോ അതിനിരിക്കട്ടെ ഒരു പൊന്‍തൂവല്‍ ....!